തിരുവനന്തപുരം: പ്രളയദുരന്തത്തേക്കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി.എസ് അച്യുതാനന്ദൻ. സർക്കാരിന്റെ വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ പ്രളയമുണ്ടാക്കിയത് കനത്തമഴയാണ്. എന്നാൽ ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണെന്ന് വിഎസ്. അച്യുതാനന്ദൻ പറഞ്ഞു. നമ്മുടെ നയരൂപീകരണത്തിൽ പിഴവ് സംഭവിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. വിഎസിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിർവരമ്പ് നിശ്ചയിക്കാനുള്ള അവസരമാണിത്. കുന്നിടിച്ചും, വനം കൈയേറിയും വയൽ നികത്തിയും , തടയണകൾ കെട്ടിയും നടത്തുന്ന അനധികൃതമോ അശാസ്ത്രീയമോ ആയ നിർമാണങ്ങളും മറ്റ് പ്രവർത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കാണിക്കുന്ന ശുഷ്കാന്തി ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും കാണിക്കണം. വികസനത്തിന്റെ പേരിൽ അനിയന്ത്രിതമായി പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾക്ക് നിയന്ത്രണം കൊണ്ടുവരണം. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്ന നടപടി ഇടയ്ക്ക് വെച്ച് നിർത്തിവെക്കേണ്ടി വന്നു. ഇത് വീണ്ടും ആരംഭിക്കണം. കേരളത്തിലെമ്പാടുമുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ച് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണം. അനധികൃത ക്വാറികൾ നിർത്തലാക്കണം. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നു. എന്നാൽ ശാസ്ത്രീയമായല്ല രാഷ്ട്രീയമായാണ് കേരളം ആ റിപ്പോർട്ടിനെ പരിഗണിച്ചത്. പശ്ചിമഘട്ടത്തിനോട് മല്ലിടാനുള്ള കെൽപ് കേരളത്തിനില്ലെന്ന് തിരിച്ചറിയണം. പരമ്പരാഗത ജലനിർഗമന മാർഗങ്ങൾ അടച്ചു കളഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. അശാസ്ത്രീയമായ വികസനത്തിനായി വിലകൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടമാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. കൃത്യമായ മാസ്റ്റർ പ്ലാനില്ലാതെ വ്യക്തിഗത വികസന പ്രവർത്തനങ്ങൾ നടത്തരുത്. ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്ന അവസ്ഥയുണ്ടാകരുത്. ഇത്തരം വിമർശനങ്ങളെ വികസന വിരുദ്ധമെന്നും കേവല പരിസ്ഥിതി വാദമെന്നും പറഞ്ഞ് കളിയാക്കുന്ന അവസ്ഥയുണ്ടാകുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Pm6iZ1
via
IFTTT
No comments:
Post a Comment