കോട്ടയ്ക്കൽ: കൈയിൽനിന്ന് പണംമുടക്കി കനപ്പെട്ട ഈ നിഘണ്ടു അടിക്കുമ്പോൾ അഭിലാഷിനോട് പ്രസ്സുകാരൻ ചോദിച്ചു: ‘അല്ലാ നിങ്ങളിതിൽ വില കാണിച്ചിട്ടില്ലല്ലോ?’ ‘ഇല്ല, ഇതിനെനിക്ക് വിലയിടാനാവില്ല, ഇതെന്റെ മുത്തച്ഛന്റെ വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്’ -അഭിലാഷ് നമ്പ്യാർ പറഞ്ഞു.1035 പേജുകളുള്ള സാമാന്യം കനപ്പെട്ട ഈ നിഘണ്ടു വിൽക്കാൻ വേണ്ടിയല്ല അച്ചടിക്കുന്നത്, അർഥം തിരയുന്നവർക്കു മാത്രവുമല്ല. താൻ കണ്ടിട്ടേയില്ലാത്ത എന്നാൽ അച്ഛനിലൂടെ അറിഞ്ഞ മുത്തച്ഛന്റെ സ്വപ്‌നം സഫലമാക്കുക -അതുമാത്രമാണ് ഉദ്ദേശ്യം.അരനൂറ്റാണ്ടുമുൻപ് മരിച്ചുപോയ കണ്ണൂർ പിണാടത്തിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എഴുതിയ നിഘണ്ടുവാണ് പേരമകൻ കണ്ടെത്തി അതേ കൈയക്ഷരത്തിൽ അച്ചടിച്ചത്.നമ്പ്യാർ ഇതെഴുതുന്ന കാലത്ത് മുഖ്യധാരയിൽ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവായി ടി. രാമലിംഗംപിള്ളയുടെ നിഘണ്ടുമാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അതേകാലത്ത് ജീവിച്ചിരുന്ന നല്ലൊരു ഭാഷാപണ്ഡിതനും പ്രഭാഷകനുമായിരുന്നു കുഞ്ഞിക്കണ്ണൻ നമ്പ്യാർ. ജീവിതകാലം 1891 മുതൽ 1967 വരെ. 1958 മുതൽ 63 വരെയുള്ള കാലയളവിലാണ് നമ്പ്യാർ തന്റെ വലിയ സ്വപ്നമായ നിഘണ്ടുവിന്റെ രചനയിൽ ഏർപ്പെടുന്നത്. കണ്ണൂർ, കൂടാളി എന്നിവിടങ്ങളിൽ സ്കൂൾ അധ്യാപകനായിരുന്ന നമ്പ്യാർക്ക് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. സാമ്പത്തികവിഷമതകൾക്കു നടുവിലായിരുന്നതിനാൽ നിഘണ്ടു പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.മുംബൈയിൽ ബിസിനസുകാരനായ അഭിലാഷ് തൊണ്ണൂറുകളിൽ ഒരുദിവസം കണ്ണൂരിലെ തറവാട്ടിൽ വന്നപ്പോഴാണ് നിഘണ്ടുവിന്റെ പഴയ കൈയെഴുത്തുപ്രതികൾ കണ്ടെത്തിയത്. പല കഷണങ്ങളായി കിടന്നിരുന്ന അവ സമാഹരിച്ച് പുസ്തകമാക്കാൻ കുറേവർഷമെടുത്തു. വലിയ സാമ്പത്തികച്ചെലവോടെയാണെങ്കിലും അഭിലാഷും ബന്ധുക്കളുമെല്ലാം സഹകരിച്ച് നിഘണ്ടു പ്രസിദ്ധീകരിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിഘണ്ടു സൗജന്യമായി നൽകി. ‘ഇത് ചരിത്രത്തിൽ ഇടംനേടാതെപോയ മഹത്തായ ഒരു പ്രയത്നമാണ്. ഞങ്ങളുടെ കുടുംബത്തിന് അഭിമാനമരുളുന്ന മുത്തച്ഛന്റെ ഓർമപ്പുസ്തകവും’ -അഭിലാഷ് നമ്പ്യാർ പറഞ്ഞു. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മകൻ വി.പി. വിജയകുമാറിന്റെ മകനാണ് അഭിലാഷ്. കോട്ടയ്ക്കൽ സ്വദേശിയും കവിയുമായ ഭാര്യ വന്ദനയ്‌ക്കൊപ്പം മുംബൈയിലാണ് താമസം.
from mathrubhumi.latestnews.rssfeed https://ift.tt/2vqdwn7
via
IFTTT
No comments:
Post a Comment