പുനലൂർ : ജീവൻ തിരിച്ചുകിട്ടിയെന്ന സത്യത്തോട് ജോസഫ് സമരസപ്പെട്ടുവരുന്നതേയുള്ളൂ. കല്ലടയാറ്റിനു നടുവിൽ, കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒരുരാത്രിയാണ് മരണത്തോടു മല്ലടിച്ച് 63-കാരൻ കഴിഞ്ഞത്. രാത്രി മുഴുവൻ ഉച്ചത്തിൽ കൂവി. സഹായത്തിനായി കേണു. ആരും കേട്ടില്ല. ആർത്തലച്ചൊഴുകുന്ന വെള്ളത്തിന്റെ ആരവത്തിൽ, ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്പിൽ പിടിച്ചുകിടന്ന് രാത്രി മുഴുവൻ പ്രാർഥിച്ചു. ഒടുവിൽ പുലർച്ചെ രക്ഷയ്ക്കായുള്ള വിളി കേട്ട് സമീപവാസികളും പിന്നെ അഗ്നിരക്ഷാസേനയുമെത്തി രക്ഷപ്പെടുത്തുമ്പോഴും ജീവൻ തിരിച്ചുകിട്ടിയെന്നു വിശ്വസിക്കാനായില്ല ഈ മനുഷ്യന്. മല്ലപ്പള്ളി നടുത്തോൽ കുളക്കുടി വീട്ടിൽ ജോസഫാണ് മരണത്തിന്റെ ഒഴുക്കിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പുനലൂരിലെ മൂർത്തിക്കാവ് കടവിൽ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു മുൻ അധ്യാപകനായ ജോസഫിന്റെ ജീവിതത്തിലേക്കുള്ള കരകയറ്റം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജോസഫ് ആറ്റിൽ വീണത്. പ്രാർഥനയ്ക്കായി കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിവസമായി ആര്യങ്കാവിൽ ഉണ്ടായിരുന്ന ഇദ്ദേഹം മടക്കയാത്രയിൽ പുനലൂരിൽ ഇറങ്ങി. ബന്ധുക്കളെ അയച്ചശേഷം തൂക്കുപാലവും മറ്റും കണ്ട് മൂർത്തിക്കാവ് കടവിലെത്തി കുളിക്കാനൊരുങ്ങുമ്പോഴായിരുന്നു അപകടം. കരയിൽനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ആറ്റിലേക്ക് വീഴുകയായിരുന്നു. തെന്മല ഡാം തുറന്നുവിട്ടിരുന്നതിനാൽ ആറ്റിൽ വെള്ളപ്പൊക്കവും കുത്തൊഴുക്കും. ജോസഫ് ആറ്റിൽ വീണത് ആരും കണ്ടില്ല. മൂന്നുതവണ മുങ്ങിയശേഷം പൊങ്ങിയപ്പോൾ പിടിവള്ളിയായി കിട്ടിയത് ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്പ്. സഹായത്തിനായുള്ള നിലവിളി ആരും കേട്ടില്ല. രാത്രി പത്തുമണിയോടെ ആറ്റിൽ വെള്ളം വീണ്ടും കുത്തിയൊഴുകി. പിടിച്ചിരുന്ന മരത്തിന്റെ കൊമ്പ് രണ്ടായിപ്പിളർന്നു. ജോസഫ് പിടിവിട്ടില്ല. കുറ്റാക്കൂരിരുട്ടിൽ പ്രാർഥിച്ച് രാത്രി വെളുപ്പിച്ചു. പുലർച്ചെ സമീപവാസിയായ സ്ത്രീയാണ് ജോസഫിന്റെ വിളികേട്ടത്. ഇവർ അറിയിച്ചതനുസരിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ഇദ്ദേഹത്തെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം വിവരമറിഞ്ഞെത്തിയ ബന്ധുക്കൾക്കൊപ്പം 11 മണിയോടെ വീട്ടിലേക്ക് മടങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2vEZCxI
via
IFTTT
No comments:
Post a Comment