തളിപ്പറമ്പ്: ധർമശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാർഥികൾക്ക് അധ്യാപകന്റെ മാനസിക പീഡനമെന്ന് പരാതി. പീഡനത്തിൽ മനംനൊന്ത മൂന്നാംവർഷ വിദ്യാർഥിനിയെ അമിതമായി ഗുളിക കഴിച്ചനിലയിൽ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. താമസസ്ഥലത്തുവെച്ച് ഗുളിക കഴിച്ച വിദ്യാർഥിനി വിവരം കൂട്ടുകാരിയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് കൂടുതൽ വിദ്യാർഥികളെത്തി ഇവരെ ആസ്പത്രിയിലെത്തിച്ചു. അപകടനില തരണംചെയ്തതായി ഡോക്ടർ പറഞ്ഞു. പോലീസ് വിദ്യാർഥിനിയിൽനിന്ന് മൊഴിയെടുത്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്സ്റ്റൈൽ വിഷയം പഠിപ്പിക്കുന്ന അധ്യാപകനെതിരേയാണ് പരാതി. അർച്ചനയെ രണ്ടാഴ്ചയായി ക്ലാസിൽ കയറ്റാറില്ല. ടെക്സ്റ്റൈൽ ക്ലാസിലെ 30 വിദ്യാർഥികളിൽ 20 പേരെയും പുറത്താക്കിയതായി വിദ്യാർഥികൾ പറഞ്ഞു. ടെക്സ്റ്റൈൽ വിഷയത്തിൽ വിദ്യാർഥികളെ കൂട്ടമായി തോൽപ്പിക്കാറുണ്ടെന്നും പറയുന്നു. പരാതിപ്പെട്ടാൽ കൂടുതൽ നടപടികളുണ്ടാകുമെന്നതിനാൽ മറ്റു കേന്ദ്രങ്ങളിൽ ആരും പരാതിപ്പെടാറില്ല. കോളേജിൽ വിദ്യാർഥി സംഘടനയുമില്ല. അധ്യാപകന്റെ പെരുമാറ്റം പലരും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അധ്യാപകനെ മാറ്റാതെ ഇനി ക്ലാസുകളിലേക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികളേറേയും. നിഫ്റ്റിനുനേരേ അക്രമം നിഫ്റ്റിൽ ശനിയാഴ്ച വൈകുന്നേരം ഒരുസംഘം അക്രമം നടത്തി. പ്രകടനമായെത്തിയ ഇവർ കാമ്പസിൽ കയറി ഗ്ലാസുകളും പൂച്ചട്ടികളും മറ്റും അടിച്ചുതകർത്തു. കല്ലെറിഞ്ഞും ഇരുമ്പുദണ്ഡുമുപയോഗിച്ചുമാണ് നാശനഷ്ടം വരുത്തിയതെന്ന് പോലീസ് പറഞ്ഞു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിദ്യാർഥിനി അമിതമായി ഗുളിക കഴിച്ചതിനെത്തുടർന്ന് ആസ്പത്രിയിലായ സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകനെ കോളേജിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇവർ അക്രമം നടത്തിയത്. സംഭവത്തെത്തുടർന്ന് നിഫ്റ്റിന് പോലീസ് കാവലേർപ്പെടുത്തി. അക്രമവുമായി ബന്ധപ്പെട്ട് 35-ഓളം ആളുകളുടെ പേരിൽ കേസെടുത്തു. പ്രതികളെ കണ്ടെത്താൻ ക്യാമറാദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഡയറക്ടർ ഇളങ്കോവന്റെ പരാതിയിലാണ് കേസ്. അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും ജനാധിപത്യ മഹിളാ അസോസിയേഷനും മാർച്ച് നടത്തി. നിഫ്റ്റിന് സമീപം മാർച്ച് പോലീസ് തടഞ്ഞു. കോളേജ് ഉപസമിതിയിൽ സ്ഥലം എം.പി., എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ എന്നിവരെ ഉൾപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2MgNhJn
via
IFTTT
No comments:
Post a Comment