കോഴിക്കോട്: കേരളം സാക്ഷിയായ അതിഭീകര പ്രളയത്തിൽ അതിജീവനത്തിന്റെ പല മാതൃകകളും കണ്ടവരാണ് നമ്മൾ. എല്ലാം നഷ്ടപ്പെട്ടവർക്ക് കൈ മെയ് മറന്ന് സഹായമെത്തിച്ചപ്പോൾ അത് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി. ഇതിനിടെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് സ്കൂളിന്റെ മാതൃക മാത്രമായി മാറിപ്പോയ ഒരു എൽ.പി.സ്കൂളിനെ പൂർണമായും ഏറ്റെടുക്കാനായി കോഴിക്കോട് ഒരു സർക്കാർ സ്കൂൾ മുന്നോട്ട് വന്നിരിക്കുന്നു. എറണാകളം ജില്ലയിലെ പറവൂരിലുള്ള ചാലാക്ക ഗവ.എൽ.പി സ്കൂളിനെയാണ് കോഴിക്കോട് മോഡൽ യു.പി സ്കൂൾ പൂർണമായും ദത്തുപുത്രനെപ്പോലെ ഏറ്റെടുക്കുന്നത്. പ്രളയകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഭക്ഷണ സാധനങ്ങൾ കയറ്റി അയക്കുകയും, ശേഖരിക്കുകയും ചെയ്തിരുന്നത് കോഴിക്കോട് മോഡൽ യു.പി സ്കൂളിലായിരുന്നു. ചാലാക്ക ഗവ.എൽ.പി സ്കൂളിൽ പഠിക്കുന്നവരിൽ 80 ശതമാനം വിദ്യാർഥികളും പട്ടിജാതി വിഭാഗത്തിൽ നിന്നുള്ള പാവപ്പെട്ടവരുടെ മക്കളായിരുന്നു.പക്ഷെ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇവർക്ക് തിരിച്ച് കിട്ടിയത് സ്കൂളിന്റെ രൂപത്തിലുള്ള കെട്ടിടം മാത്രമായി മാറി. വിദ്യാർഥികളുടെ ജനനസർട്ടിഫിക്കറ്റുകളടക്കം പൂർണമായും വെള്ളത്തിലായി. ഇവിടെയുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഒരു വർഷത്തെ കർമ പദ്ധതിയാണ് മോഡൽ യു.പി സ്കൂൾ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമായി കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും, കുടയും, ബോക്സും, മറ്റ് പഠന സാമഗ്രികളും ഉൾപ്പെടുന്ന ഒരു കിറ്റ് എല്ലാ വിദ്യാർഥികൾക്കും എത്തിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച സ്കൂൾ തുറന്നപ്പോൾ തുറക്കാൻ കഴിയാതെ ക്യാമ്പിൽ കഴിയുകയാണ് ചാലാക്ക സ്കൂളിലെ വിദ്യാർഥികൾ. ഇവർക്ക് പഠനസാഗ്രികൾക്ക് പുറമെ കൗൺസിലിങ്ങും അത്യാവശ്യമായിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ വിവിധ ദിവസങ്ങളായി മോഡൽ സ്കൂളിന്റെ നേതൃത്വത്തിൽ ചാലാക്ക സ്കൂളിലേക്ക് അയയ്ക്കും. ഇതിനായി 150 വോളണ്ടിയർമാരേയും സ്കൂൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഫർണിച്ചർ അടക്കമുള്ളവ സ്കൂളിന് നഷ്ടമായിട്ടുണ്ടെങ്കിലും അതും സംഘടിപ്പിച്ച് കൊടുക്കാനുളള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. ഇതിന് പുറമെ മോഡൽ സ്കൂളിൽ നിന്നടക്കമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ചാലാക്ക സ്കൂളിൽ മാസത്തിൽ രണ്ട് പ്രാവശ്യം വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മെഡിക്കൽ ക്യാമ്പ് അടക്കമുള്ളവ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും മോഡൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും അധ്യാപകനുമായ രാജൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ വിവിധ പരിപാടികൾ നടത്തി ആറ് മാസം കൊണ്ട് വിദ്യാർഥികളെ സാധാരണ നിലയിലേക്കെത്തിക്കാനുളള ശ്രമമാണ് കർമ പദ്ധതിയുടെ ലക്ഷ്യം. വെള്ളപ്പൊക്കത്തിൽ പൂർണമായും നശിച്ച ചാലാക്ക സ്കൂളിൽ ശൂചീകരണത്തിനായി കോഴിക്കോട് മോഡൽ യു.പിയിൽ നിന്നും അമ്പത് ജീവനക്കാർ പോയിരുന്നു. സ്കൂളിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞതോടെയാണ് ദത്തെടുക്കൽ എന്ന കർമ പദ്ധതിയിലേക്ക് നീങ്ങിയതെന്നും അധികൃതർ പറയുന്നു. മറ്റ് ജീവനക്കാരുടേയും പിടിഎ യുടേയും സഹകരണവും പദ്ധതിക്ക് തുടക്കം കുറിക്കുന്നത് എളുപ്പമാക്കി. സെപ്തംബർ ഒന്നിന് ആദ്യ ഘട്ട സഹായം സ്കൂളിലേക്കെത്തിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2MYSUfP
via
IFTTT
No comments:
Post a Comment