ദുരിതാശ്വാസത്തിന് മിന്നുവിന്റെ പിറന്നാൾ സമ്മാനമായ സ്വർണ കേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

ദുരിതാശ്വാസത്തിന് മിന്നുവിന്റെ പിറന്നാൾ സമ്മാനമായ സ്വർണ കേക്കും

ദുബായ്: മേയ് അഞ്ചിനായിരുന്നു മിന്നുവിന്റെ പന്ത്രണ്ടാം പിറന്നാൾ. ഒരേ ദിവസം പിറന്ന മൂന്ന് പെൺമക്കൾക്കും അന്ന് അച്ഛൻ പയ്യന്നൂർ സ്വദേശി വിവേക് കല്ലിടീൽ സമ്മാനിച്ചത് അപൂർവസമ്മാനം. അര കിലോയോളം സ്വർണത്തിൽ തീർത്ത അലങ്കാരപ്പണികളോടെയുള്ള ഓരോ കേക്ക്. വിശിഷ്ടസമ്മാനമായി സ്വന്തം അലമാരയിൽ സൂക്ഷിച്ച, ഒരു ലക്ഷം ദിർഹത്തോളം (19 ലക്ഷം രൂപ) മതിക്കുന്ന ആ കേക്ക് പ്രളയത്തെ അതിജീവിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തേകാൻ മിന്നു മാതൃഭൂമിയെ ഏൽപ്പിച്ചു. അത് കൊടുത്തുകിട്ടുന്ന പണം 'കേരളത്തിനൊരു കൈത്താങ്ങ്' എന്ന മാതൃഭൂമിയുടെ സംരംഭത്തിലൂടെ ദുരിതാശ്വാസനിധിയിലേക്ക് ചേർക്കാനുള്ള തീരുമാനമെടുത്തു മിന്നു. കേരളത്തിലെ പ്രളയത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും കാഴ്ച കണ്ടും കേട്ടും അമ്പരന്ന് നിന്ന മിന്നു തന്നെയാണ് അച്ഛനോട് തന്റെ സ്വർണ കേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ അപേക്ഷിച്ചത്. ദുബായിൽ ഇൻഡസ്ട്രിയൽ സ്റ്റീൽ ബിൽഡിങ് നിർമാണ രംഗത്തും ഫയർ പ്രൊട്ടക്ഷൻ-റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ് വിവേക്. ബിസിനസ് തിരക്കിനിടയിൽ നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സുഹൃത്തുക്കളെ വിളിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും ദുബായ് ഡൽഹി പബ്ലിക് സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയായ പ്രണതി എന്ന മിന്നുവും കാണുന്നുണ്ടായിരുന്നു. പിറന്നാളിന് ദുബായിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നാണ് വിവേക് കേക്കുകൾ വാങ്ങിയത്. മിന്നുവിന്റെ ആഗ്രഹം വിവേക് മാതൃഭൂമിയുമായി പങ്കുവെച്ചപ്പോഴാണ് കേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചർച്ച സജീവമായത്. നല്ലൊരു സംരംഭത്തിനായുള്ള കുട്ടിയുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ മലബാർ ഗോൾഡ് ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദും തീരുമാനിച്ചു. അതോടെയാണ് കേക്ക് കൈമാറാനുള്ള അവസരം ഒരുങ്ങിയത്. ദുബായ് ജബൽഅലിയിലെ വിവേകിന്റെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ മിന്നുവിൽ നിന്ന് മാതൃഭൂമി ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രൻ കേക്ക് സ്വീകരിച്ചു. മിന്നുവിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ അതിഥിയായി എത്തിയ ജബൽ അലി ഫ്രീസോൺ പ്രതിനിധി മൊഹമ്മദ് അൽ ഹുമെരി അഭിപ്രായപ്പെട്ടു. യു.എ.ഇ.യുടെ ഏറ്റവും അടുത്ത സുഹൃത്തായ കേരളത്തിന്റെ വേദനയിൽ ഈ രാജ്യത്തെ ഓരോ പൗരനും പങ്കുചേരുന്നുണ്ടെന്നും കേരളത്തിനായി എല്ലാവരും ഒരേ മനസ്സോടെ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സെയിൽസ് ഹെഡ് എസ്. ശ്രീകുമാറും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ അവധിയായതിനാൽ അമ്മ സൗമ്യയും സഹോദരിമാരായ വർണികയും(ചിന്നു) ദ്യുതിയും (പൊന്നു) നാട്ടിലാണ്. ദുബായിൽ വീട്ടിൽ അച്ഛന് കൂട്ടായും ഓഫീസിൽ സഹായിയായും മിന്നുവുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2MnTnsg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages