തൃശ്ശൂർ: കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം മലയാളം ടൈപ്പിങ് പഠിക്കേണ്ടിവരും. പഠനാവസാനം പരീക്ഷയും ഗ്രേഡുമുണ്ട്. ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്കെല്ലാം മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതി തുടങ്ങി. തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് അവസാനം പരിശീലനം തുടങ്ങും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിന് കീഴിലുള്ള (ഐ.എച്ച്.ആർ.ഡി.) മോഡൽ ഫിനിഷിങ് സ്കൂളുകളിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. എറണാകുളത്ത് 700 പേർക്ക് പരിശീലനം നൽകി. തിരുവനന്തപുരത്ത് എൺപതും. അതത് ജില്ലാ ഭരണകൂടമാണ് പഠിപ്പിക്കാനുള്ള ഏജൻസിയെയും പഠിക്കേണ്ടവരെയും തിരഞ്ഞെടുക്കുന്നത്. യൂണികോഡ് അധിഷ്ഠിത സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുന്നത്. ഇതിനുപുറമേ വേഡ് പ്രോസസർ, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ സോഫ്റ്റ്‌വേർ എന്നിവയിലും പരിശീലനം നൽകുന്നു. കംപ്യൂട്ടറിന് സംഭവിക്കുന്ന താത്കാലിക കേടുപാടുകൾ തീർക്കാനും പഠിപ്പിക്കും.സർക്കാർ-അർധസർക്കാർ, സഹകരണ ബോർഡുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലെ ക്ലാസ് മൂന്നുമുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് പരിശീലനം. രാവിലെ മുതൽ വൈകീട്ട് വരെയാണ് അഞ്ചുദിവസത്തെ പരിശീലനം.
from mathrubhumi.latestnews.rssfeed https://ift.tt/2LXdKMQ
via
IFTTT
No comments:
Post a Comment